Tuesday, September 25, 2012

ഒരു കന്യകയെ തേടിഒരു കന്യകയെ തേടി ഞാനലഞ്ഞു 
തെരുവുകളില്‍  ഓടി  വലഞ്ഞു,
കൊടുപിരി കൊള്ളുന്ന പ്രായത്തിലും
വടികളില്‍ താങ്ങുന്ന നരയിലും 
കണ്ടില്ലൊരുപിടി കാരുണ്യം.

ഒടുവിലെത്തിയതൊരു വേശ്യാലയത്തില്‍,
കണ്ടത് കാമം വറ്റിയ കണ്ണിണകള്‍,
നഗ്നത നിറഞ്ഞ ശരീരത്തിന്റെ  മറവി-
ലൊളിപ്പിച്ചൊരു കന്യത്വം ചോരാത്ത മനസിനെയും,

കടലിരമ്പും കാമത്തിലെന്‍ 
കണ്ണുകള്‍ അവളില്‍ ഉടക്കവേ 
കനല്‍ക്കെടുത്തുന്ന മഴയായ്
കണ്ണീര്‍പെയ്തൊഴുകുന്നത് കണ്ടു ഞാന്‍....

ഇരുള്‍ നിറച്ചൊരാ  വെളിച്ചത്തില്‍
ചിരി പടര്ത്തിയെന്‍  വെള്ളി കുരിശുമാല 
പറയാതെ  പറഞ്ഞ കഥ കേട്ടതോ? 
പാണികള്‍ കൂപ്പി ഉരുകുന്നുണ്ടവള്‍,

ദൃഡഗാത്രമാം  നെഞ്ചിന്‍ ചൂടില്‍ 
ഉരുകിയെരിയും  മെഴുകുതിരിയായ്
ഇടറിയ പ്രാര്‍ത്ഥന വാക്കുകള്‍ക്കൊപ്പം
പിടഞ്ഞൊരാ ഹൃദയത്തുടിപ്പതു കേട്ട് ഞാന്‍,  

വെര്‍ജിനിറ്റിയുടെ വികൃതമായൊരു   മുഖം
ചോര ചീറ്റാതെ
പാട പൊട്ടാതെ
പാതി  കണ്ടു  ഞാന്‍ !

തേവിടിശ്ശി  എന്ന് വിളിക്കപ്പെട്ട
ചുവന്നു തുടുത്ത ചുണ്ടുകളില്‍
കാരുണ്യമെന്ന  ഒരു കന്യകാത്വം

കാലുകള്‍ വിരിക്കാതെ
കാത്തുകിടന്നത് എന്റെ കണ്ണുകള്‍ക്ക്‌ വേണ്ടിയോ?
കണ്ണുതുടച്ചവള്‍  നോക്കുമ്പോഴേക്കും
തെരുവിലേക്ക് ഞാന്‍ മറഞ്ഞിരുന്നു !!!!

(കാലാകാലമായി സമൂഹത്തിന്റെ നാലു ചുവരുകളില്‍ തളച്ചിട്ട കുറെ ആശയങ്ങളും,മനോഭാവവും ഉണ്ട്,
അവ പലപ്പോഴും മനുഷ്യന്റെ ആന്തരീക ശുദ്ധിയെക്കാള്‍ ബാഹ്യമായ കാപട്യത്തിന് വില കൊടുക്കുന്നവയാണ്, ആചാരങ്ങളും മനുഷ്യ നിര്‍മിതമായ  മുന്‍വിധികളും ഏറെ കുറെ കാലഹരണപ്പെട്ട നല്ലവനും ചീത്തവനും  എന്നാ വേര്‍തിരിവില്‍ മനുഷ്യന്റെ ഹൃദയത്തെ കാണാനോ അതിന്റെ നന്മ അറിയാനോ പരാജയപ്പെടുമ്പോള്‍ ഇതു പാപിയും വിശുദ്ധനും തമ്മില്‍ ഉള്ള ദൂരം കൂടുതല്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ബാഹ്യമായ പ്രകടനങ്ങള്‍ കണ്ടു ഒരുവന്റെ ആന്തരിക ശുദ്ധി വിലയിരുത്താന്‍ ആവില്ല,മറിച്ചു അവന്റെ ഹൃദയം നോക്കി അറിയാന്‍ ശ്രമിക്കണം,
ചിലപ്പോള്‍  കറകലര്‍ന്ന അവന്റെ വസ്ത്രത്തിനുള്ളില്‍ ഒരു വെളുത്ത മനസ്സ് കാണാന്‍ കഴിഞ്ഞേക്കാം, അത് മതിയാകും ഒരുപക്ഷെ പിന്നീടുള്ള ജീവിതത്തില്‍ അവനെ ഒരു മാലാഖയായ് ചിറകടിച്ചുയരാന്‍ സഹായിക്കുന്നതിന്!)

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Tuesday, September 11, 2012

അത്താഴത്തിനു ഇന്ന് !
അക്ഷരങ്ങള്‍  വേവിച്ചു വിശക്കുന്നവര്‍ക്ക്
അത്താഴത്തിനു വിളമ്പുന്നവരുണ്ട്,
അത് കഴിച്ചു ചിലര്‍ പശിയടക്കും 
മറ്റു ചിലര്‍ ഒരു മോഹാലസ്യത്തില്‍  മയങ്ങും.

ചിലരുടെ പാത്രങ്ങളില്‍ അക്ഷരങ്ങള്‍ അവശേഷിക്കും
മറ്റു ചിലര്‍ അത് കൊണ്ടുപോയ് പട്ടിക്കോ പൂച്ചയ്ക്കോ  വിതറും,
വേറെ ചിലര്‍ അത് നേരെ എച്ചില്‍ കുട്ടയില്‍ ഏറിയും
വിഷമെന്നോര്‍ത്തു കഴിച്ചു പിടഞ്ഞു മരിക്കുന്നവരും കുറവല്ല ,

കുറെ പേര്‍ക്ക് അത്താഴം കഴിഞ്ഞാല്‍
കണ്ണീര്‍ കോപ്പ കഴുത്തു മുട്ടെ  മോന്തണം
ബാക്കിയുള്ളവര്‍  സന്തോഷ വീഞ്ഞ് നുരയും
ദഹനം അപ്പോഴും വിസര്‍ജനത്തിനു വിട്ടുകൊടിക്കില്ല !

കഴിച്ച വാക്കുകള്‍ കൈയിട്ടു ശര്‍ധിക്കുന്നവരെയും കാണാം  
ഒപ്പം ഒഴിഞ്ഞവയറില്‍ അക്ഷരങ്ങള്‍ക്ക്  വേണ്ടി വിശക്കുന്നവരും,
എനിക്കൊന്നുറങ്ങണം കാരണം വാക്കുകള്‍ തിന്നെന്റെ പള്ള  നറഞ്ഞു,
നിങ്ങള്‍ ഇതില്‍ ഏതെങ്കിലും  കൂട്ടത്തില്‍ പെടുമോ ആവോ  ??? 


ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ !

Saturday, September 1, 2012

അപ്പോള്‍ അവന്‍ ആരായിരുന്നു ??? 
വാക്കുകള്‍ക്കു വേണ്ടി   ദാഹിച്ചത് എന്റെ  മനസായിരുന്നു,
ദാഹം ശമിപ്പിച്ചത് നീ ആയിരുന്നെങ്കിലും
ദാഹം ‍ ശമിപ്പിക്കപ്പെട്ടവന്‍  ഞാനല്ലായിരുന്നു. 

 
വേദനകള്‍  രുചിച്ചത് എന്റെ ശരീരമായിരുന്നു,
വേദന സംഹാരി ആയതു നീ ആയിരുന്നെങ്കിലും  
സുഖമാക്കപ്പെട്ടവന്‍   ഞാന്‍ ‍അല്ലായിരുന്നു !

 
ഹൃദയം പറിച്ചു കൊടുത്തവന്‍  ഞാനായിരുന്നു,
ഹൃദയം  സ്വന്തമാക്കപ്പെട്ടവള്‍ നീ ആയിരുന്നെങ്കിലും
ഒടുവില്‍  ഹൃദയമില്ലാത്തവന്‍  ഞാന്‍  ആയിരുന്നു !!!(സ്നേഹം സ്വീകരിക്കുന്നതിനെക്കാള്‍   കൂടുതല്‍ കൊടുക്കുന്നവരാകണം മനുഷ്യര്‍ ...... 
നിസ്വാര്‍ത്ഥ സ്നേഹം മനസ്സില്‍ കരുതുന്ന എല്ലാ നല്ല സ്നേഹിതര്‍ക്കും എന്റെ പ്രണാമം )
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !