Wednesday, December 4, 2013

എന്റെ ക്രിസ്മസ് ഓർമ്മകൾ # Part 1



മഞ്ഞുകാലത്തിന്റെ ഓര്മ്മകളാണ് ക്രിസ്ത്മസ് സമ്മാനിക്കുന്നത് . എല്ലാ വർഷവും ക്രിസ്മസ് വരാറുണ്ട് , മിക്ക വർഷങ്ങളും ഒരേ രീതിയിൽ അത് കടന്നു പോവുകയും ചെയ്യും . മറക്കാനവാത്ത ഓർമ്മകൾ സമ്മാനിച്ച , ഹൃദയത്തിൽ ഉണ്ണി ഈശോ പിറന്ന അനുഭവങ്ങൾ വിരളമാണ് എന്ന് പറയാതെ വയ്യ . എങ്കിലും ഓര്മ്മകളുടെ താളുകൾ ചിതലരിക്കാത്ത രണ്ടു ക്രിസ്മസ് അനുഭവങ്ങൾ ആണ് എനിക്ക് ഏറെ പ്രിയപ്പെട്ടവ . കുഞ്ഞിശോ നിസാരനായി കേവലം ദാരിദ്ര്യത്തിന്റെ ഒരു പുല്ല്കൂട്ടിൽ മറ്റൊരു അഭയവും ലഭിക്കാതെ, ജനിച്ചു വീണത്‌ കൊണ്ടാവാം ഏറ്റവും നിസ്സാരമായ , യാതൊരു ആർഭാടങ്ങളും ഇല്ലാതെ കടന്നു പോവുന്ന ക്രിസ്മസ് ആണ് എന്റെ ഓർമ്മയിൽ ഇന്നും ഒരു വെള്ളി നക്ഷത്രം കണക്കെ ഉദിച്ചു ഉയരുന്നതും, ഇന്നും നിന്റെ ദർശനത്തിനായി അലയുന്ന ഒരു ആട്ടിടയൻ കണക്കെ നിന്നിലേക്ക്‌ എന്നെ നയിക്കുന്നതും .

ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് മിഷൻ ഔട്ട്‌ റീച് എന്ന് പേരിൽ ബാബു ചേട്ടന്റെ ( ബാബു കൊന്തിയമാടാം ) നേത്ര്വതത്തിൽ നടത്തുന്ന പത്തു ദിവസത്തെ ക്രിസ്തമസ് അവധിക്കുള്ള ഒരു പാരിഷ് ഔട്ട്‌ റീച്ചിൽ പങ്കെടുക്കുന്നത് . കോട്ടയത്തുള്ള ഒരു ഇടവകയിൽ താമസിച്ചു ധ്യാനവും, പിന്നെ ആ ഇടവകയിലെ എല്ലാ കുടുംബത്തിലേക്കും കടന്നു ചെന്നുള്ള പ്രാര്ത്ഥന ശുശ്രുഷയും . ആത്മീയതയുടെ ഒരു പുതിയ വാതിലാണ് അന്ന് തുറന്നു കിട്ടിയത് ... കുശവന്റെ കയ്യിലെ കളിമണ്ണ് പോലെ ദൈവം ഞങ്ങളെയൊക്കെ അവിടുത്തെ കാരുണ്യത്താൽ മറ്റെന്തോ ആക്കി മാറ്റുകയായിരുന്നു... മാനവ രക്ഷക്കായി പിറന്ന ഉണ്ണി ഈശോയെയും കൊണ്ട് ഞങ്ങൾ ഓരോ ഭവനങ്ങളും കയറി ഇറങ്ങി , ചിലരൊക്കെ വാതിൽ കൊട്ടിയടച്ചു, തുറന്നു തന്നവർക്കോ , ഉണ്ണി ഈശോ അനുഗ്രഹങ്ങൾ കൊണ്ട് പൂമഴ തന്നെ പെയ്യിച്ചു . കൊട്ടിയടക്കുന്ന വാതിലുകൾ ഞങ്ങളെ ബെതലെഹമിലെ യൌസേപ്പിതാവിനെയും മാതാവിനെയും ഉണ്ണി ഈശോ ജനിക്കാനായി മുട്ടുന്ന ഭവനങ്ങളെ ഓർമ്മിപ്പിച്ചു . കുടുംബ തർക്കങ്ങൾ , രോഗങ്ങൾ , പ്രാര്ത്ഥന നിയോഗങ്ങൾ , അങ്ങിനെ നിരവധിയായ ജെറിക്കോ മതിലുകൾ ദൈവ നാമത്തിൽ തച്ചുടക്കപെട്ടു . ദൈവം ഇന്നും ജീവിക്കുന്നു എന്ന് ശക്തമായി ബോധ്യപ്പെടുത്തികൊണ്ട് , അടയാളങ്ങളും അത്ഭുതങ്ങളും കണ്മുൻപിലൂടെ കടന്നുപോയി ... വിശ്വാസത്തിന്റെ പടവാൾ കൊണ്ട് തിന്മകളെ ഞാൻ ആഞ്ഞു വെട്ടി . ഇതു വരെ പരീക്ഷിക്കാത്ത പുതിയതരം ആത്മീയ രീതികൾ പരീക്ഷിക്കപ്പെട്ടു . ക്രിസ്തു ശിഷ്യന്റെ ഉത്തരവാദിത്വ ബോധ്യങ്ങളിലെക്കാണ് ആ ദിവസങ്ങൾ വെളിച്ചം വീശിയത് .

ഭവന സന്ദർശനങ്ങൾ നടത്തുമ്പോൾ ഉച്ച ഭക്ഷണം ഇടവകയിൽ ഉണ്ടാവില്ല . ചെല്ലുന്ന വീടുകളിൽ അവർ ഭക്ഷണം കഴിക്കാൻ നിബന്ധിച്ചാൽ മാത്രമേ ഭക്ഷണം കഴിക്കാൻ തരമുള്ളൂ . ചില ദിവസങ്ങിൽ വിശന്ന വയറുമായി കിലോമീറ്ററുകൾ നടന്നു ഓരോ ഭവനത്തിൽ എത്തുമ്പോൾ , മാതാവും യൌസേപ്പിതാവും കൊടും ശൈത്യത്തിൽ ബെതലേഹം തെരുവുകളിലൂടെ ഒരു പാർപ്പിടത്തിനായി അലഞ്ഞതും അത്തരം ഒരു സന്ദർഭത്തിൽ അവര്ക്കും വേണ്ടത്ര ഭക്ഷണം ലഭിച്ചിരിക്കാൻ സാധ്യത ഇല്ലെന്നുള്ള കാര്യങ്ങളും ഓർമ്മ വരും . എന്റെ അപകര്ഷതയെ , മറ്റുള്ളവരോട് സംസാരിക്കാനുള്ള ഭയത്തെ, ദൈവാത്മാവിന്റെ വരങ്ങൾ ഉപയോഗിക്കാനുള്ള ആകുലതയെ , എന്നിലേക്ക്‌ ദൈവം നല്കിയ അനുഗ്രഹത്തിന്റെ ആഴത്തിന്റെ അറിവില്ലായ്മയെ, ഞാൻ ഉണ്ണീ ഇശോയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിച്ചു പോന്നു ." ഇശോയെ എന്റെ ഉള്ളിൽ വന്നു പിറക്കണമേ "

ക്രിസ്തുമസിന്റെ തലേ നാൾ ആരാധനയുടെ മണിക്കൂറിൽ ഞാൻ എന്റെ ഹൃദയത്തിലെ ഗർഭാശയത്തിൽ ഉണ്ണി ഇശോയുടെ വരവിനു മുന്പുള്ള ചവിട്ടേറ്റു നൊന്തു കരഞ്ഞു, സ്ഥലകാല ബോധം നഷ്‌ടമായ ഞാൻ വലിയ ദേവാലയത്തിലിരുന്നു പേറ്റു നൊവനുഭവിക്കുന്നവളെ പോലെ വാവിട്ടു കരഞ്ഞു . കുറച്ചു നിമിഷത്തെ നിശബ്ദതതയ്ക്ക് ശേഷം അവിടെ ഇരുന്ന മറ്റു പലരും കരയാൻ തുടങ്ങി .... അരുളിക്കയിൽ എഴുനുള്ളി വന്നിരിക്കുന്ന ഇശോയ്ക്ക് മുൻപിൽ സ്തുതികളും, സ്തോത്രങ്ങളും കരച്ചിലും കരളുരുകലും കൊണ്ട് ആ ദേവാലയം പ്രാര്ത്ഥനമുഖരിതമായി ..... കോടമഞ്ഞിന്റെ നനവുള്ള ആ രാത്രിയിൽ പള്ളിക്ക് മുന്പിലുള്ള കൽ കുരിശിന്റെ മുൻപിൽ തീ കൂട്ടപ്പെട്ടു . വികരിയച്ചന് അവിടെയ്ക്ക് ഉണ്ണി ഈശോയെയും കൊണ്ട് തണുത്തു മരവിച്ച ഡിസംബറിന്റെ ഓർമ്മയിൽ ഇളം ചൂട് പകരാൻ എത്തി .( അവിടുത്തെ ആചാരം ആണത്രേ, ഉണ്ണി ഇശോയെ തണുപ്പിൽ നിന്നും വിടുവിക്കാൻ, പള്ളി മുറ്റത്ത്‌ കൂട്ടിയിട്ട തീയിൽ കുറച്ചു നേരം തീ കായിക്കും ) ഇടവക ജനങ്ങളോടൊപ്പം ചേർന്ന് ഇശോയുടെ ജനനത്തിനു മിഴികോർത്തു ഗാന സംഘത്തോടൊപ്പം ഞങ്ങളും ക്രിസ്മസ് ഗാനങ്ങൾ പാടികൊണ്ടിരുന്നു .......

ആ ദേവാലയ മുറ്റത്ത്‌ ഒരു വലിയ കാവൽ മാലാഖയുടെ പ്രതിമയുണ്ടായിരുന്നു , വികരിയച്ചാൽ ഉണ്ണി ഇശോയെയും കൊണ്ട് പുറത്തേക്കു വരുമ്പോൾ, നിലാവിന്റെ വെളിച്ചവും,കുളിര് കോരുന്ന കാറ്റും , ആകാശം നിറയെ നക്ഷത്രങ്ങളും , എനിക്ക് കൂട്ടിനു കൂടെ നിൽക്കുന്ന കാവൽ മാലാഖയെയും സാക്ഷി നിർത്തി , എന്റെ ആത്മാവിന്റെ പുൽക്കൂട്ടിൽ ഇശോയും വന്നു ജനിക്കുകയായിരുന്നു ..... ഒരു വിറയലോടെയാണ് ഞാൻ അവിടെ നിന്നത്, എന്റെ ഉള്ളിൽ ഞാൻ പാടി കൊണ്ടേയിരുന്നു ...

"ജോര്ധാൻ നദിക്കരെ നിന്നണയും പൂന്തേൻ മണമുള്ള കുഞ്ഞിക്കാറ്റെ
പുല്കിയുണർത്തല്ലേ നാഥനുറങ്ങട്ടെ , പരിശുദ്ധ രാത്രിയല്ലേ ........."

എന്റെ ശരീരത്തിലേക്ക് അരിച്ചിറങ്ങിയ തണുപ്പിനേക്കാൾ എത്രയോ മടങ്ങ്‌ വലുതായിരുന്നു എന്റെ ആത്മാവിലേക്ക് അരിച്ചിറങ്ങിയ സമാധാനം .... ഞാനും മാലാഖമാരുടെ ചിറകുകളിൽ ബെതലെഹമിലേക്ക് , ആട്ടിടയരെ പോലെ എത്തപ്പെടുകയായിരുന്നു .... എന്റെ ഭാരമില്ലയ്മയിൽ കാലിതോഴുത്തിലെ വൈകോൽ കൂനകളിലേക്ക് , മറ്റൊരു വൈകോൽ കച്ചിയായി രൂപാന്തരപെടുകയായിരുന്നു .... എനിക്ക് കാണാം പ്രസവം ക്ഷീണം വിട്ടു മാറാത്ത മാതാവിനെയും പിതാവിന്റെ ആകുലത ഇനിയും അഴിഞ്ഞു വീഴാത്ത യൌസേപ്പിതാവിനെയും , നിരന്തരമായ യാത്രകളും അവരെ തളര്ത്തിക്കാനും .... എങ്കിലും ഉണ്ണി ഈശോ ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടിരുന്നു ... രാജാക്കന്മാരെ വഴി കാണിച്ച വെള്ളി നക്ഷത്രം പോലെ തിളങ്ങി വിളങ്ങുന്ന ആ കുഞ്ഞു കണ്ണുകളിലേക്കു നോക്കുന്തോറും , ഈ ലോകം മുഴുവൻ ആ ആടുകളും മാടുകളും നിറഞ്ഞ കേവലം നിസാരമായ തൊഴുത്തിലേക്ക്‌ ചുരുങ്ങുന്നതായി തോന്നി .... അതെ അമ്മ കുഞ്ഞിനെ
മാറോട് അണക്കുകയാണ് , ലോകത്തിലേക്ക്‌ വച്ച് ഏറ്റവും വലിയ അത്ഭുതം കണ്ട നിർവൃതി അനുഭവിച്ചു കാണുമോ ആ മിണ്ടാ പ്രാണികൾ ? അറിയില്ല, പക്ഷെ ഞാൻ തിരിച്ചു നടക്കുകയാണ് ദേവാലയത്തിന് അകത്തേക്ക് ..... അവിടെ കുർബാന തുടങ്ങി കഴിഞ്ഞു .... ഇടവക ജനങ്ങളും എന്റെ കൂടെ വന്നവരും കുര്ബനയ്ക്ക് ശേഷം പരസ്പരം ക്രിസ്ത്മസ് ആശംസകൾ കൈമാറുന്നു ... തിരക്ക് മാറിയതിനു ശേഷം ഞാൻ പതുക്കെ ഉണ്ണി ഇശോയുടെ രൂപത്തിന്റെ അടുത്തേക്ക് നടന്നു , ഇശോ എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു, എന്റെ സർവ സ്നേഹവും ശക്തിയുമെടുത്തു ഞാൻ അവിടുത്തെ ചുംബിച്ചു . അപ്പോഴേക്കും അത്രയും നേരം ഞാൻ അനുഭവിച്ചിരുന്ന ആ ആത്മീയ മാസ്മരികത അവസാനിച്ചു . ഒരുപക്ഷെ ഇനി തിരിച്ചറിവിലേക്ക് , ലഭിച്ച അനുഗ്രഹങ്ങളിലൂടെ പകർന്ന ജ്ഞാനത്തിന്റെ ബോധ്യങ്ങളിലേക്ക് ഒരു കടന്നു പോവൽ ആവും ഇശോ എനിക്കായി കരുതിവച്ചിരുന്നത് .... ഞാൻ എന്റെ ജീവിതത്തിലേക്ക് തിരിച്ചു പോയി,പതിനൊന്നു വര്ഷം പിന്നോട്ട് നോക്കുമ്പോൾ ജീവിത്തിലെ മനോഹരമായ ഒരു ക്രിസ്മസ് അനുഭവമായി എന്റെ ഓർമ്മയിൽ ഇന്നും മായാതെ മറയാതെ മുനഞ്ഞു കത്തുന്ന , ആത്മീയ ബോധ്യങ്ങളിലെക്കും വളര്ച്ചയിലേക്കും എന്നെ നയിച്ച ഒരു വെള്ളി നക്ഷത്രമായി ആ ക്രിസ്മസ് ഇപ്പോഴും തെളിഞ്ഞു നില്ക്കുന്നു ...
 


ചിത്രത്തിന് കടപ്പാട് ഗൂഗിൾ ! 

2 comments:

ajith said...

ക്രിസ്തുസ്വഭാവം വളരട്ടെ

Aneesh chandran said...

ഒരു പള്ളിലച്ഛന്‍ ആവണ്ടേ ചെക്കനാണ്.മഞ്ഞുള്ള രാത്രി ,കേക്ക്,പുല്‍കൂട്,നക്ഷത്രം :) എല്ലാം നല്ല ഓര്‍മ്മകള്‍