Monday, January 21, 2013

പ്രണയത്തിന്റെ ശൈത്യം :





 എന്റെ പ്രണയത്തിനു ഇതു  ശൈത്യകാലം 
 മരച്ചുറച്ച മനസിന്റെ മടുപ്പ്  കാലം, 
 മറവിയുടെ  ഓര്‍മയിലേക്ക് 
 മടിക്കാതെ നീ മറഞ്ഞത് എത്ര പെട്ടെന്നായിരുന്നു... 

 ചുംബനങ്ങള്‍ക്ക് ഇന്നു ചൂട് നഷ്ട്ടപെട്ടിരിക്കുന്നു 
 ചിറകുകള്‍  തളര്‍ന്ന പക്ഷിയെ പോലെ 
 എന്റെ പ്രണയം വിതാനങ്ങള്‍ വെറുത്തു  
 ഒരു  ചില്ലയില്‍ ചുരുണ്ട് കൂടിയിരിക്കുന്നു..  

 കണ്ണുകളിലെ കാമ കാഴ്ചയില്‍ ഇന്നു 
 അന്ധത പടര്‍ന്നിരിക്കുന്നു ....
 കരളിലെ കാമനകള്‍ക്ക്‌ 
 നിറം മങ്ങിയിരിക്കുന്നു 

 എന്റെ താഴ്വരയില്‍ ഇനി 
 വസന്തം വരില്ലെന്നോ ?
 വാക്കുകള്‍ക്കിടയില്‍ 
 മുറിഞ്ഞുപോയ എന്റെ ഹൃദയം 
 ഇനി തളിര്‍ക്കാതെ പൂക്കാതെ 
 വേനലിന്റെ വിയര്‍പ്പില്‍ 
 കരിയാതെ കണ്ണടച്ചുവെന്നോ...

 എന്റെ തപസ്സ് ഇനി ഒന്നിനുമാത്രം, 
 വെയില്‍ തപിച്ചെന്റെ  
 മഞ്ഞുമനസ്സുരുക്കി 
 മറന്നുപോയ പ്രണയത്തെ 
 തിരികെ കൊണ്ട് വരണം...
 എന്നിട്ട് എന്നിലെ എന്നെ 
 എനിക്ക് തിരിച്ചുപിടിക്കണം ......



ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !


Thursday, January 17, 2013

മകളെ ഈ മനസ്സ്....



എന്റെ അകകണ്ണിലാണ് 
നിന്റെ ചിരി പടര്‍ന്നത്,
ഇന്നു ആടിയുലയുന്ന ഒരൂഞ്ഞാലു പോലെ
ആവേശംകൊണ്ടിരിപ്പാണ് 
അകലങ്ങളില്‍ ഈ ഹൃദയം,
കാണാതെ കാണുന്ന 
അറിയാതെ അറിയുന്ന
എന്‍ ജീവന്‍റെ തുടിപ്പായ
നിന്നെയും കാത്തു കാത്തിരിപ്പാണ് 
മകളെ ഈ മനസ്സ്.............



ലേബല്‍ : എന്റെ രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ട്‌ ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാണാന്‍ സാധിക്കാത്ത വിഷമത്തില്‍ ഒരു പ്രവാസി പിതാവിന്റെ മനസില്‍ കോറിയ  രണ്ടു വരികള്‍ !

Thursday, January 3, 2013

തിരയൊഴിയുമ്പോള്‍ !


https://mail-attachment.googleusercontent.com/attachment/u/0/?ui=2&ik=b297eabb81&view=att&th=13c016b571fb8898&attid=0.2&disp=inline&realattid=f_hbi5pq921&safe=1&zw&saduie=AG9B_P9uqETjc1Z6dwrYlp0_M9el&sadet=1357238358003&sads=hjATO0Uxwx2MRYBr2exwj_uzEGc


നിന്റെ കടലിനു ഇരമ്പല്‍ പോരെന്നാണ്

അവര്‍ പറഞ്ഞത് ,

തിരമാലകളില്‍ ഓളം ഇല്ലത്രെ,

നാവികന് തുറമുഖം കാണുന്നതുവരെയുള്ളൂ  

കടലിനോടുള്ള കനിവ് ,




കണ്ണീരില്‍ ജീവിക്കുന്ന

നിന്നെക്കാള്‍ സഹതാപം 


കാണാത്ത ദിക്കിലെ

കേള്‍ക്കാത്ത കഥയിലെ

ചോര വറ്റിയ പെണ്ണിനോടാണത്രേ  



നീ സമ്മാനിച്ച വലംപിരി ശംഖു

ഇപ്പോള്‍ വിദേശികള്‍ക്ക് കൊടുത്ത

കാണിക്കയിലെ കാമനകള്‍ക്കൊപ്പം

ഇടം പിടിച്ചെന്നാണ് ഒടുവില്‍ അറിഞ്ഞ വിശേഷം ,



നിന്റെ തൂലികയില്‍ നിന്ന് ജനിച്ച മത്സ്യങ്ങള്‍

ഇന്നു വിറ്റു തീര്‍ന്ന കൈകളില്‍

ഒരു വൈഡൂര്യം നല്‍കിയിരിക്കുന്നു ,

കൂടാതെ മോഹത്തിന്റെ താക്കോലും

സ്വാര്‍ത്ഥതയുടെ പട്ടുമെത്തയും

കൂടെയുറങ്ങാന്‍ ഒരു മാദകമാംസവും !



സ്നേഹം ഉണ്ടായ കാലം തൊട്ടേ  കടല്‍ ഉണ്ടെന്നാണ്

അന്ന് നമ്മള്‍ കലഹിച്ചത് ,

എന്നിട്ടും ഇപ്പോള്‍ നിന്റെ കണ്ണീരിനു ഉപ്പു രസം മാത്രം

ആണെന്ന് പരിഭവിച്ചു പടിയിറങ്ങുന്നു പലരും !



നിന്നെ മണ്ണിട്ട്‌ മൂടാന്‍ ശ്രമിക്കുന്ന

മാനവികതയുടെ മനസ്സില്‍

മറന്നു പോയൊരു സൂര്യന്‍

പതുക്കെ ചക്രവാകങ്ങള്‍ക്ക് അകലെ

ഉദിച്ചുയരുന്നതു കാണാന്‍

കഴ്ചയുണ്ടാവുമോ അന്നെനിക്ക് !




ലേബല്‍ :കവിത എഴുതുന്ന ഒരു  പ്രിയ കൂട്ടുകാരന്റെ വ്യക്തിപരമായ  വേദനയില്‍ പങ്ക്  ചേരാന്‍ എഴുതിയ വരികള്‍ ......