Tuesday, March 25, 2014

പാര്ശ്വത്തെ സ്നേഹിച്ചവൻ !!!



നിന്റെ നോട്ടങ്ങളിൽ ഞാനില്ലെന്നുള്ള പരാതിയിലാണ് യോഹന്നാൻ ,
എന്റെ പാര്ശ്വത്തിലേക്ക് ചാഞ്ഞുകിടന്നു ഉറവ വറ്റാത്ത സ്നേഹ ഊഷ്മ്ളതയെ
ആസ്വദിക്കാൻ തക്കം പാർത്തിരിക്കുകയാണ് നീയെന്ന് ഈശോ ,

ഈയിടെ പത്രോസിനെ കൂടുതൽ ശ്രദ്ധിക്കുന്നത് പതിവായിരിക്കുന്നുവെന്ന്
കണ്ണ് നിറഞ്ഞു പറഞ്ഞാണ് അവൻ കലഹിച്ചത് ,
സ്വർഗത്തിന്റെതിനെക്കാളും വലിയ താക്കോലാണ്
നിന്നെ എല്പ്പിക്കാൻ പോവുന്നതെന്ന് ഓർത്താണ് കർത്താവു ചിരിച്ചത് ,

വീണ്ടും വീണ്ടും അവൻ കരയുന്നുണ്ട് ,
ഈശോയാണെങ്കിൽ എല്ലാം ഒരു കുസൃതി ചിരിയിൽ ഒളിപ്പിക്കുന്നുമുണ്ട് ,

അവനറിയാം ആ നെഞ്ചിലൊരു ഭാഗം തനിക്കു ചായാൻ ചോദിക്കുന്നത്
ലോകം മുഴുവൻ ചോദിക്കുന്നത് പോലെയാണെന്ന് ,
എങ്കിലും സ്നേഹത്തിനു പകരമാവില്ല്ലോ വെള്ളി കാശും, കുശവന്റെ പറമ്പും !

അവൻ വാവിട്ടു കരയുകയാണ് ,വീണ്ടു വീണ്ടും ചങ്കു പുളഞ്ഞു കരയുന്നുണ്ട് ,
തനിക്കു വേണമെന്ന് കരുതിയ ദൈവ സ്നേഹത്തിനുവേണ്ടി .....
ധീരരായ തോമായും മത്തായിയുമൊക്കെ ഇതുകേട്ട് ചിരിക്കുന്നുമുണ്ട്
നീയെന്തിനാ ഇങ്ങനെ ജറുസലേമിലെ കന്യകളെ പോലെ കരയുന്നതെന്ന് ?

അവൻ അതൊക്കെ ഗൗനിക്കുന്നതെയില്ല ,
കണ്ണുകളിൽ ദൈവ സ്നേഹം മാത്രം ,
തന്റെ മുന്നിലിരിക്കുന്ന ദൈവ പുത്രനെ
ധ്യാനിച്ച് ധ്യാനിച്ച്,
അവിടുത്തെ പാർശ്വത്തിൽ ചാഞ്ഞുകിടക്കുന്നതാണ്
എന്റെ സ്വര്ഗം എന്ന് തീരുമാനിച്ചുറച്ച മനസ് !

കാലം പിന്നീട് തെളിയിക്കുന്നുണ്ട് ,
കാൽവരി വരെ പിന്തുടര്ന്ന അരുമ ശിഷ്യന്റെ സ്നേഹം ,

ലോകത്തിൽ നല്കപ്പെട്ടതിൽ വച്ചേറ്റവും
വലിയ സമ്പന്നൻ ആണവൻ ,
ആ സ്നേഹത്തിനു പ്രതിഫലമായ് ഈശോ നല്കിയതോ ,
മാനവരാശിയുടെ തന്നെ സഹരക്ഷകയായ് മാറിയ പരിശുദ്ധ അമ്മയെയും ,
അവന്റെ സമ്പത്താണ്‌ , തീക്ഷ്ണമായ ആ സ്നേഹത്തിന്റെ
വികാരഭേരിതമായ യാത്രയുടെ സ്നേഹത്തിൽ മുദ്രണം ചെയ്യപ്പെട്ട
അവകാശമാണ്, നാം തലമുറ തോറും അനുഭവിച്ചു വരുന്ന മാതൃ സ്നേഹത്തിന്റെ
ഭാഗ ഭാഗിത്വം ........

എനിക്ക് മുന്നേ നടന്നു നീങ്ങിയവനെ ,
നിനക്ക് പിന്നേ വരുന്നുണ്ട് ഒരുപറ്റം ,
അമ്മയെയും സഹോദരനെയും സ്നേഹിച്ചു
ജീവിക്കാനായി ജന്മം എടുത്തവർ !!!!

കാണാം ഒരു രാവിനപ്പുറം , മേശയ്ക്കു ചുറ്റും
വിരുന്നൊരുക്കി ,കൂട്ട് കുടുംബത്തിന്റെ ഉഷ്മളതയിൽ
സ്നേഹം പങ്കിടുന്നൊരു സ്വര്ഗം,
അന്ന് അവന്റെ മാറിനു ചാരെ ചായാൻ ഒരുങ്ങുമ്പോൾ
ഓര്ക്കുക, ഞാൻ നിന്റെ ഇപ്പുറം ഉണ്ടാവും,
നമുക്കും മത്സരിക്കാം പരസ്പരം ,ആരവനെ കൂടുതൽ സ്നേഹിക്കുന്നെന്നു
ആരാദ്യം ആവന്റെ മാറിൽ ചേർന്നിരിക്കുമെന്നു !!!


ചിത്രത്തിന് കടപ്പാട് ഗൂഗിൾ !

1 comment:

ajith said...

എല്ലാം പ്രത്യാശിക്കുന്ന സ്നേഹം