Wednesday, October 31, 2012

കൊഴിഞ്ഞ തൂവലുകള്‍ തേടി !!!
കൊഴിഞ്ഞ തൂവലുകള്‍ തേടി നടക്കുന്ന
ബാലികയെ പോലെയാണ് നീ,
പറന്നു പോയ പക്ഷിയെയോ
അവന്റെ ആകാശ പാതകളോ
കണ്ടെത്താനാവാതെ
തിരിച്ചു വരാത്ത വസന്തവും കാത്തു
ഒരു തൂവലുമായ് പിറകോട്ടു നടക്കുന്നവള്‍ !
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

ചാറ്റല്‍ മഴ !!!

 

നിന്റെ ചാറ്റല്‍ മഴ നനഞ്ഞെല്ലാം മറക്കാനായിരുന്നു   
ഞാനെന്റെ  ജാലകങ്ങള്‍  തുറന്നിട്ടത്,
 

പക്ഷേ നീ തിമിര്‍ത്തു പെയ്യാതെ തിരിച്ചു പോയത്

എന്നെ  നനയിക്കാതിരിക്കാന്‍

മാത്രമായിരുന്നു എന്ന് ഞാനറിഞ്ഞില്ല!

 

 

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Sunday, October 14, 2012

ശരത്കാല മഴ

 
എന്റെ ഹൃദയം വിതുമ്പുന്നത് ഒരു ശരത്കാല മഴക്കായ് ! വസന്തവും ശിശിരവും വേര്‍തിരിക്കുന്ന ഒരു ശരത്കാല മഴയുണ്ട് ........ 
സര്‍വ സുമംഗലിയായ പ്രകൃതി ഫലങ്ങള്‍  നിറച്ചു,പൂവുകള്‍ വിടര്‍ത്തി തന്റെ സിന്ദൂര രേഖ കുതിര്‍ന്നോലിക്കാന്‍ അനുവദിച്ചു കൊണ്ട് നിന്നു  കൊള്ളുന്ന മഴ..........................
കൊഴിയുന്ന പൂവുകളെ ഓര്‍ത്തോ, പൊഴിയുന്ന ഫലങ്ങളെ ഓര്‍ത്തോ തെല്ലു നിരാശയകാതെ ആഘോഷമായി പെയ്തിറങ്ങുന്ന ശരത്കാല മഴയെ ഒരു നൃത്തം കൊണ്ട് വരവേല്‍ക്കുന്ന സുന്ദരി  !വേരുകള്‍ക്ക് ചലിക്കാനുള്ള കഴിവ് നല്‍കി,ഇലകള്‍ക്ക് നനുത്ത സ്നാനം നല്‍കി പുലരിയുടെ മടിയില്‍ ആടയാഭരണങ്ങള്‍ അണിഞ്ഞു ദേഹവും ദേഹിയും പ്രിയപ്പെട്ടവന് നല്കാന്‍ തുടിച്ചു നില്‍ക്കുന്ന പ്രകൃതി...........
ഈ ശരത്കാലമഴ ഇങ്ങനെ പെയ്തു കൊണ്ടിരിക്കണം .............അവള്‍ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നത്  കാണാന്‍  എന്റെ ബാല്യ ഓര്‍മകളെക്കാള്‍ ചന്തം ........................നിര്‍ത്താതെ പെയ്യുന്ന ശരത്കാല മഴ ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിച്ചുകൊണ്ട് ഒരു പുലരി കൂടി ...............!!!

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Wednesday, October 3, 2012

അങ്കക്കലി !
വാക്കുകള്‍ പരസ്പരമങ്കം തുടങ്ങിയപ്പോള്‍
വെട്ടി വീഴ്ത്തി ഞാനവളുടെ നാവുകള്‍,
വാക്കേറ്റം മൂര്‍ദ്ധന്യത്തിലായപ്പോള്‍
മൗനം കൊണ്ടവള്‍ പകവീട്ടി.........
അങ്കക്കലിമൂത്ത്  ഞാന്‍  ഉയര്‍ത്തിയ വാള്‍മുനയില്‍  
ഞെട്ടലല്‍പ്പം പോലുമില്ലാതവള്‍ തലകുനിച്ചു, 
ഓങ്ങിയ വാളിനു താഴെയൊരു തുള്ളി കണ്ണീര്‍വീണതു 
കുത്തിയിറങ്ങിയതെന്‍ ചങ്കില്‍,  
ചോരയൊലിച്ചു ഞാന്‍ നില്‍ക്കുമ്പോഴും 
കണ്ടതവളുടെ കുനിഞ്ഞ  മുഖം !ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Tuesday, October 2, 2012

പാപിനിയായ സ്ത്രീ

 

കാമം വിറ്റും കേമമായ് നടക്കുന്നൊരുവളെ നിങ്ങള്‍ അറിയുമോ?
തിളങ്ങുന്ന വസ്ത്രങ്ങള്‍ മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ,
വശ്യമായ ചിരി ധരിക്കാതവള്‍  പുറത്തിറങ്ങാറില്ല,
ഇറങ്ങിയാലോ അത്തറിന്റെ സുഗന്ധം അവള്‍ക്കുക്കൂട്ട്  പോകും!

രാവില്‍ അവളുടെ റാന്തല്‍ അണയാറേയില്ല
അതങ്ങനെ
നിറഭേദങ്ങളുടെ മായകാഴ്ചകള്‍
നിഴലിനു നല്‍കി ചിരിച്ചുകൊണ്ടെയിരിക്കും- 
സീല്‍ക്കരങ്ങള്‍ക്കുണര്‍വ്വ്
നല്‍കുന്ന നാളമായ്!

പകല്‍ സമയം പാറാവുകാരനില്ലാ വിജനം പ്രേതാലയമാണെങ്കിലും
പാതിരാത്രി ഗലീലിയായിലവളുടെ  മതില്‍ ചാടാത്ത മാന്യന്‍മാരില്ല,
നിറഞ്ഞ മാറും നുരഞ്ഞ വീഞ്ഞും കയ്യിലേന്തിയ മഗ്ദലെനയെ
ഇഷ്ട്ടപെടാത്ത പുരുഷന്മാരുണ്ടോ ഈ നാട്ടില്‍? 

ഒരിക്കല്‍ സദാചാരപോലീസുകാര്‍ അവളെയും പിടികൂടി
കാമകണ്ണുകള്‍ കൊല്ലാന്‍ ഞെരിപിരി കൊണ്ട് ചുവന്നപ്പോള്‍ ‍
,
കല്ലെറിഞ്ഞു കൊല്ലാന്‍ ഓടുന്നവരുടെ അടിവസ്ത്രങ്ങളില്‍ പോലു-
മവളുടെ അത്തറിന്റെ ഗന്ധം വിയര്‍ത്തത്രെ!

യുവാക്കള്‍ സ്ത്രീ എന്നല്ല വേശ്യ എന്നാണ് വിളിച്ചിരുന്നത്‌
അവള്‍ക്കതില്‍ പരാതിയുണ്ടായിരുന്നോ ആവോ,
ജീവനുവേണ്ടി അവള്‍ ഓടി കൊണ്ടേയിരുന്നപ്പോള്‍ ഓര്‍ത്തുകാണും
ജീവിക്കാന്‍ സ്വാതന്ത്ര്യം ഹനിക്കപെട്ടവരാണോ വേശ്യകള്‍?

തീബെരിയുസിന്റെ  തീരത്ത് തിരകള്‍ എണ്ണുന്നവന്‍റെ
അരികിലെത്തുവോളം അവള്‍ ഓടി.............
കല്ലുകള്‍ കൊണ്ട് മുറിഞ്ഞോഴുകുന്ന രക്തത്തിലും,
കീറിപോയ അവളുടെ വസ്ത്രത്തിലും ആയിരം കണ്ണുകള്‍ തങ്ങി നിന്നു.

അവസാന രക്ഷയെന്നോണം  അവള്‍ ചിന്തിച്ചു കാണുമോ
അവന്റെ മുന്‍പിലാ നിറഞ്ഞ മാറിലെ വിരിയോന്നു മാറ്റുവാന്‍,
പൂര്‍ണതയുള്ള ആ യുവാവ്‌ തന്‍ കണ്ണിമ തിരിക്കാതെ
പൂഴിമണ്ണില്‍ കുനിഞ്ഞു ചിത്രം വരച്ചങ്ങിരുന്നു!

നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ തന്നെയാദ്യം എറിയൂ 
എന്ന് ആ നാഥന്‍റെ
വാക്കുകള്‍ നെഞ്ചില്‍ പതിച്ചവര്‍
കല്ലുകടിച്ച കഞ്ഞി കഴിച്ചപോല്‍ കടിച്ചമര്‍ത്താനവാതെ
കടലില്‍ നിന്നും അകന്നകന്നങ്ങുപോയ്........

ഒടുവിലാ നാഥനും ദാസിയും മാത്രമായ് തീരത്ത്
കണ്ടവള്‍ ആദ്യമായ് കാമ കണ്ണില്ലാതൊരു പുരുഷനെ,
അന്ന് തൊട്ടവളുടെ റാന്തല്‍ എരിഞ്ഞില്ല രാത്രിയില്‍ എന്നിട്ടും

ആ കുരിശോളം വിശ്വസ്തത  അവളുടെ സ്നേഹത്തെ  എരിച്ചുകൊണ്ടിരുന്നു.!രണ്ടാം ലക്കം ഇ -മഷിയില്‍  പ്രസിദ്ധികരിച്ച എന്റെ കവിതയാണ്. താഴെ കാണുന്ന ലിങ്കില്‍ പോയാല്‍ കൂടുതല്‍ കഥകളും കവിതകളും വായിക്കാം.
http://emashi.blogspot.com/2012/09/1-10-2012.html 
 
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !