Monday, December 31, 2012

2012 നല്‍കിയ സുഹുര്ത്തിനു : 


ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ഈ മുഖ പുസ്തകത്തില്‍

ആവേശം വിതറുന്ന അനേകം കൂട്ടുകാരുണ്ടായിട്ടും

അലതല്ലി അലഞ്ഞു അസ്വസ്ഥമായ എന്റെ തിരമാലകള്‍

ഇന്നു തേടുന്നത് നിന്റെ തുറമുഖം മാത്രം ആണ് .ചാറ്റിങ് ചതുരത്തിലെ ചന്തമുള്ള പേരുകളില്‍

ഞാന്‍ തിരഞ്ഞത് നിന്റേതു മാത്രമാവാന്‍

എന്റെ വിര്‍ച്വല്‍ ലോകം ഇന്നു

നിന്നിലേക്ക്‌ മാത്രം ചുരുങ്ങിയെന്നോ ?നിന്റെ പച്ച വെളിച്ചം തെളിയുന്നതും കാത്തു

വഴിയരികില്‍ ധൃതി അഭിനയിച്ചു നിന്നത്

ദിവസവും കിട്ടുന്ന ആ കളി വാക്കിനുവേണ്ടിയായിരുന്നു

നീ വെറുതെ പറഞ്ഞു പോകുന്ന ആ കളിവാക്കിനുവേണ്ടി തന്നെസൌഹൃദങ്ങളുടെ നഷ്ട വര്ഷം എന്ന്

ഞാന്‍ എഴുതിയ ഈ കലണ്ടറില്‍

നിന്റെ പേര് എവിടെ ചേര്‍ക്കണം എന്ന്

തീരുമാനമായിട്ടില്ലിതുവരെ ......എങ്കിലും ഈ കാറ്റു ഒടുങ്ങും വരെ

നഷ്ട്ട സ്വപ്നങ്ങളുടെ നൂല്‍ പൊട്ടിയ

എന്റെ മോഹങ്ങളുടെ പട്ടം

അലയട്ടെ അനന്തമായ
 
ഈ ആകാശ നീലിമയില്‍ !

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Thursday, December 27, 2012

എന്റെ മകള്‍ക്ക് ! 
എന്റെ ശരത്കാലം പൂക്കാലമാവുന്നതും

വേനല്‍ മരു പെയ്തൊഴിയുന്നതും

വാക്കുകളുടെ ഒളിയമ്പുകള്‍ നല്‍കിയ-

വേദനകൊണ്ടെന്റെ ഹൃദയം മുറിയുമ്പോള്‍,

വദനം വിടര്‍ത്തും ഹൃദയം തളിര്‍ക്കും

ജാലകപ്പടിയില്‍ കുളിര്മഞ്ഞു പൊഴിയും

പുതുനാമ്പ് വിടരുന്നതും  

നീ കാരണമാണ്,

അതെ നിന്നില്‍ നിന്നാണ് എന്റെ സന്തോഷം തുടങ്ങുന്നത്  

നീ എന്ന എന്റെ സൌഭാഗ്യത്തില്‍ നിന്ന്,

എന്റെ മകള്‍ എന്ന പുണ്യത്തില്‍ നിന്ന്.....

സ്നേഹത്തോടെ ഡാഡ !


(ഈ ചിത്രത്തില്‍ ഉള്ളത് എന്റെ മകള്‍ "തെരേസ ലിസ്യുസ്", ഈ തവണത്തെ ക്രിസ്മസ് ദിനത്തില്‍ നീണ്ട എട്ടു മാസത്തിനു ശേഷം എന്റെ കുഞ്ഞിന്റെ ചിത്രം അയച്ചു തന്നപ്പോള്‍  ഉണ്ടായ സന്തോഷം വരികളില്‍ പകര്‍ത്താന്‍ ഒരു ശ്രമം )

Sunday, December 23, 2012

സ്നേഹിതന്‍ !!!സ്നേഹിതനെന്നു നീ  വിളിച്ചപ്പോള്‍    ‍ 
സ്നേഹം മാത്രം അളന്നു കൊടുക്കെണ്ടവന് 
എന്ന് കരുതിയിടത്ത് എനിക്കു തെറ്റി,
  അകലങ്ങള്‍ക്കിടയിലിരുന്നു   നീ 
പണിപ്പെട്ടു കെട്ടിയുണ്ടാക്കാന്ശ്രമിക്കുന്ന 
വിശ്വാസത്തിന്റെ തൂക്കു പാലം 
കണി കണ്ടുറങ്ങിയുണരുകയാണിന്നെന്റെ 
രാപ്പകലുകള്‍ ......


സ്നേഹത്തോടെ ജോ !

ലേബല്‍: ഒരു പ്രിയ സ്നേഹിതനുവേണ്ടി സ്നേഹം തോന്നിയപ്പോള്‍ എഴുതിയത് :)

ഒറ്റ വാക്കിന്റെ ദൂരം !
എനിക്കും നിനക്കുമിടയില്‍  ‍ 
ഒരു വാക്കിന്റെ ദൂരം മാത്രം,
ഒരു മാത്ര പോലും കേള്‍ക്കാനിടയില്ലാത്ത
മനമത്രമേല്‍ ആശിച്ചിട്ടും
ഒരിക്കല്‍ പോലും പിറക്കാതെ പോയ
നാക്കിന്‍  തുമ്പത്തെ
ഒറ്റ വാക്കിന്റെ ദൂരം !


ചിത്രത്തിന് കടപ്പാട് ഗൂഗിള്‍

Tuesday, December 11, 2012

വികൃതി ചെക്കന്റെ ചിറക്‌ !!!

1128723312_sBoyAngel6.jpg

ദൈവമേ, 
എന്റെ സ്വപ്നങ്ങള്‍ക്ക്  ചിറകുകള്‍ തരിക
ഞാന്‍ അകലേക്ക്‌ പറന്നു പോയ്‌കൊള്ളാം,
വിസ്തൃതിയാര്‍ന്ന വിതാനത്തിന്റെ
വിഹായസില്‍ ഞാന്‍ വിഹരിക്കാം


ആഴികളുടെ  ആഴത്തില്‍
താഴ്വാരങ്ങള്‍ തേടി നടക്കാം
മുന്തിരികുലകള്‍ക്കിടയില്‍ വീഞ്ഞ് കുടിച്ചു
ഉന്മത്ത നൃത്തം ചവിട്ടീടാം...

നിന്നോട് നന്ദി പറയാനല്ലാതെ
എന്റെ നാവ് ഞാന്‍ നിവര്‍ത്തില്ല,
അത്തിമരത്തിന്റെ കൊമ്പത്തിരുന്നു
ആനന്ദഗാനം പാടാന്‍ എന്നെ അനുവദിച്ചാലും

ആഭാസനെപ്പോല്‍  ആര്‍ത്തുല്ലസിച്ചു
വസന്തം വരുമ്പോള്‍ മേയട്ടെ ഞാന്‍
പ്രകൃതിയും ഞാനും മാത്രമാകുമ്പോള്‍
നീ ഇതൊക്കെ കണ്ടു ചിരിക്കണം !

പിന്നെ എന്റെ ആപ്പിള്‍ മരം
ഫലം കൊണ്ട് നിറയുമ്പോള്‍
നമുക്ക് ആദമിനെപ്പോലെ
ചിരിച്ചു കളിച്ചുല്ലസിക്കാം

ഓറഞ്ചു തൊലികൊണ്ട് ഞാന്‍
തൊട്ടാവാടിയെ ഉറക്കുമ്പോള്‍,
അരുത്, എന്നെ വഴക്ക് പറയരുത്
ഒരു രാത്രി നക്ഷത്രങ്ങളെ കാണാതുറങ്ങി
ഞാന്‍ വിശപ്പടക്കി കൊള്ളാം.
 
ദിനവും സ്നാനം ചെയ്യാത്ത വികൃതിപ്പയ്യനെ
നീ വെള്ളിനൂലുകളുടെ വരവറിയിച്ചു
പാഠം പഠിപ്പിക്കുന്നതു പോലെ
ചിറകരിഞ്ഞു വീഴാതെ കാക്കുകയും ചെയ്യുമല്ലോ !

ദൈവമേ,
ഇനിയുമുണ്ട് ഒരുപാടു വേലത്തരങ്ങള്‍
വിയര്‍ക്കാത്ത ഈ വികൃതി ചെക്കന്റടുത്ത്,
പക്ഷെ സ്വപ്നങ്ങള്‍ക്ക് വെള്ളിചിറകു തരാതെ നീ തിരിച്ചു-
പോകില്ലെന്നുറപ്പുണ്ടെങ്കില്‍ മാത്രം ബാക്കി പറയാം !  

 
ചിത്രത്തിന് കടപ്പാട് ശലീര്‍ വഴി ഗൂഗിള്‍ :)