Tuesday, August 20, 2013

പത്രോസിന്റെ വിലാപം :



പാതിര കോഴി കൂവുന്നത് കാത്തു നിന്ന 
പരിചാരകയാവും, അന്ന് രാത്രി 
ചൂട്കാഞ്ഞു തണുപ്പ് മാറ്റി 
മരവിച്ച മനസ് മാറ്റാൻ ആവാതെ 
ശങ്കിച്ച് നിന്ന എന്നോട് 
നിന്നെ വഞ്ചിക്കാൻ 
ഒരു നുണ പറയാൻ പ്രേരിപ്പിച്ചത്...

അവളുടെ തളർന്ന കണ്ണുകളുടെ 
മാസ്മരികതയാവുമോ അതോ 
മരണ ഭയമോ ?
അറിയില്ല ഞാൻ എന്നെത്തന്നെ മറന്നു- 
നിന്നെ വീണ്ടും ഒറ്റപെടുത്തിയതിന്റെ 
കാരണം തിരയാൻ എനിക്കാവുന്നില്ല  ......

വീണ്ടും രണ്ടു തവണ പാതിരാകോഴി 
കൂവുകയും ഞാൻ അന്തസായി 
നിന്നെ തള്ളിപറയുകയും ചെയ്തു .....
വെള്ളി വെളിച്ചം തൂകി പകൽ വന്നു തുടങ്ങി .
എനികിപ്പോൾ എല്ലാം വ്യക്തമായി കാണാം ...
ഭയത്തിന്റെ ഇരുൾ ആയിരുന്നു 
എനിക്ക് ചുറ്റും, അതിപ്പോൾ 
പതുക്കെ മാറി തുടങ്ങുകയാണ് ......
നിന്നെ ഒറ്റിയവന്റെ കൈകളേക്കാൾ 
കറുപ്പാണ് എന്റെ കരളിനെന്നു 
തോന്നിയ നിമിഷം മുതൽ 
ചങ്കു പൊട്ടി ഓടുകയാണ് ഞാൻ ....

അടുത്ത ഇരുളും പ്രതീക്ഷിച്ചു ...........!!!


ചിത്രത്തിന് കടപ്പാട് ഗൂഗിൾ !

Thursday, August 1, 2013

കെവിന്‍ കാര്‍ട്ടര്‍ എന്നാ ഫോട്ടോഗ്രാഫര്‍ !




നിന്റെ മരണം ഒരു രക്ഷപെടലായിരുന്നു ...
നിന്നിൽ നിന്നും,
നിന്റെ ചിതറിയ ജീവിതത്തിൽ നിന്നും, 
പട്ടിണിയും പരിവട്ടവും നല്കിയ 
പ്രശസ്തിയിൽ നിന്നും .....
മുഖമുയർത്തിയുള്ള ഒരു പിൻവാങ്ങൽ !!!

ഒരു ജന്മം നല്കിയ പുണ്യത്തിൽ
കറപുരണ്ടിട്ടും ,
കണ്ണുകളിരിട്ടിയും 
കൈകളിൽ കനത്ത ശൂന്യതയും 
കാലുകളിൽ ചങ്ങല ചുരുണ്ടിട്ടും ,
എന്തിനു, 
നിന്റെ ജീവിതം തന്നെ 
ഒരു താള പിഴയായിരുന്നിട്ടു കൂടി 
നിനക്ക് അഭിമാനിക്കാൻ ഒരു 
കറുത്ത ദിവസമെങ്കിലും 
നല്കി നീ പിരിയുന്ന വേളയിൽ ,
അനേകർക്ക്‌ മനുഷ്യത്വം 
പഠിപ്പിച്ച നിന്റെ ചിത്രങ്ങൾ 
ഇന്നും സംസാരിച്ചുകൊണ്ടെയിരിക്കുന്നു ....

നീ വിലങ്ങിട്ട നിന്റെ ജീവിതം 
നിരന്തരം ജീവിച്ചുകൊണ്ടെയിരിക്കുകയാണ് ,
നിന്റെ ബാലികയും കഴുകനും ഒരുപിടി നൊമ്പരവുമായി 
ഇന്നും മനുഷ്യ മനസിലൊരു തീപ്പൊരി വിതറി 
ഇനിയും ഓടിയെത്തെണ്ട നൂറ്റാണ്ടുകളിലേക്ക് യാത്രയിലാണ് ...

നിന്നോടുള്ള അവന്ജ തെല്ലും കുറയാതെ  തന്നെ പറയട്ടെ , 
എന്തോ നിന്നെ എനിക്ക് ഇഷ്ടമാവുന്നു ,
നിന്റെ വലിയ മനസിനൊരു ഹൃദയാഞ്ജലി കെവിന്‍ കാര്‍ട്ടര്‍ !!!!



കടപ്പാട് :കെവിന്‍ കാര്‍ട്ടര്‍ എന്നാ ഫോട്ടോഗ്രാഫര്‍ കലാപവും ദാരിദ്യവും പട്ടിണിയും കൊണ്ടും വരണ്ടുപോയ സുഡാനില്‍ നിന്നും 1993-ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം.ഏപ്രില്‍ 12-ന് ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് കാര്‍ട്ടറെ തേടി ഒരു ഫോണ്‍കോള്‍ വന്നു: ലോകത്തെ കരയിപ്പിച്ച ആ ചിത്രത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരമെന്നറിയിച്ച് കൊണ്ട്. താന്‍ ക്യാമറിയിലാക്കിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിയാത്ത കുറ്റബോധവും സങ്കടവും അപ്പോഴേക്കും കാര്‍ട്ടറെ ജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റിയിരുന്നു. 1994 ജൂലായ് 27-ന് മുപ്പത്തിനാലാം വയസ്സില്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു.