Wednesday, September 11, 2013

ഭാഗ്യവാൻ അവനോ ഞാനോ ?



മരുഭൂമിയിൽ നിന്നാണവൻ വന്നത് ,
വരണ്ട ഗളവും 
കരിഞ്ഞ കനവുമായിരുന്നു 
സമ്പാദ്യങ്ങൾ ....

ഭൂമിയിൽ കാണുന്ന ആദ്യത്തെ മനുഷ്യനെ പോലെ 
എന്നോടവൻ  ആർത്തിയോടെ സംസാരിച്ചുകൊണ്ടിരുന്നു ...
ട്ടക്കീല ഷോട്ടുകൾ വന്നും പോയുമിരുന്ന 
മേശവിരിയിൽ ..
അത്ഭുതം കൂറുന്ന ആ വിടർന്ന കണ്ണുകളിലേക്കു മാത്രം 
ഞാൻ നോക്കിയിരുന്നു,
ഇരുണ്ട മുറിയിലെ സംഗീതം ശോകമാവും മുൻപേ 
ഇടറുന്ന കനച്ച ശബ്ദത്തിൽ അവൻ സംസാരത്തിലൂടെ 
എന്നെയും കൂട്ടിയൊരു സഞ്ചാരത്തിനിറങ്ങി .... 

ഒരു ജന്മം മുഴുവൻ അലഞ്ഞു  മടുത്ത 
പാകിസ്താനി യുവാവിന്റെ  കഥ ..
അമ്മയുടെ മുലപ്പാൽ കുടിച്ചുതീരും മുൻപേ 
തിരസ്കരിക്കപ്പെട്ട ഒരു ബാലന്റെ കഥ ...
സൌഹൃദങ്ങൾ ഒറ്റിയ യൂദാസിന്റെ കഥ ..
കുടുംബത്തെ വിട്ടു പോരേണ്ടി വന്ന 
മറ്റൊരു ബുദ്ധന്റെ കഥ .....
ലോകത്തിന്റെ പിടിച്ചുവലിയിൽ 
ഒറ്റപ്പെട്ടു പോയൊരു കാമുകന്റെ കഥ.... 
ഉത്തരം കിട്ടാതെ ഉഴലുന്ന 
കൂറെ ചോദ്യങ്ങൾ എന്റെ മുന്പിലേക്കു എറിഞ്ഞിട്ടു 
"ഫക്ക് ഓഫ്‌" എന്നൊരു ആംഗലേയ വാക്കിൽ ഒതുക്കി
അവന്റെ പരിഭവങ്ങൾ .........
ചിരികളിൽ എവിടെയോ ഒളിപ്പിച്ച 
ആത്മ നൊമ്പരങ്ങൾ ആരും കാണാതെ 
ഇടയ്ക്ക് ഇടയ്ക്ക്  റസ്റ്റ്‌ റൂമിൽ 
പോയവൻ  ഒഴുക്കികൊണ്ടിരുന്നു...

ഒടുവിൽ ഒരിറ്റു കണ്ണുനീര് തുടയ്ക്കാനവാതെ 
ഒരു ചുംബനം കൊണ്ടവന്റെ ദുഃഖം പകുത്താനവാതെ
വെറുമൊരാലിംഗനത്തിൽ മാത്രം ഒതുക്കി 
എന്റെ സൌഹൃദത്തെ ഞാൻ ഒരു കസേരയിൽ കുരുക്കിയിട്ടു,  
വിടവാങ്ങാൻ ഒരുങ്ങുമ്പോൾ മനസ്സിൽ കുറിച്ചിട്ടു 
എന്റെ ജീവിതം ഇത്ര മനോഹരമാക്കി  തന്ന
ദൈവത്തിനു എത്രയോ നന്ദിയുള്ളവനാവണം ഞാൻ  !

ചിത്രത്തിന് കടപ്പാട് ഗൂഗിൾ