Thursday, May 23, 2013

പ്രണയ കവി !!!

പ്രണയ കവിതകള്‍ മാത്രം എഴുതുന്നോരു
കവിയുണ്ടായിരുന്നു, 
കടലും കനവും മഴയും പുഴയും എല്ലാമവന്‍ 
പ്രണയത്തിന്റെ ബിംബങ്ങളാക്കി-
അക്ഷരങ്ങള്‍ കൊണ്ടോരു തജ്മഹല്‍ തീര്‍ത്തു,
അകലെനിന്നു പോലും പ്രേമ കന്യാവനങ്ങള്‍ 
പൂത്തുലഞ്ഞു ....
അവനെ തേടി അനേകം ആമ്പല്‍ പൂക്കള്‍ 
അരികില്‍ എത്തി... 
ലോകം അവനെ പ്രണയത്തിന്റെ പ്രവാചകന്‍ 
എന്ന് വിളിച്ചു,
'പ്രേമകാവ്യങ്ങള്‍' എന്ന അവന്റെ പുസ്തകം 
ഒരു പ്രണയദിനത്തില്‍ ചൂടപ്പം പോലെ 
വിറ്റു തീര്‍ന്നു ,
പ്രണയ ഭംഗം വന്നവര്‍ അവന്റെ ഉപദേശം 
തേടി വന്നു.
പ്രണയം എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താല്‍ 
അവന്റെ പേരും ചിത്രവും നിരന്നുവരാന്‍ തുടങ്ങി ,
അവന്റെ നാമം യുവ ഹൃദയങ്ങളില്‍ 
സുവര്‍ണ്ണ ലിപികളില്‍ എഴുതപെട്ടു,

ഒടുവില്‍ ഒരു തുണ്ട് കടലാസ്സില്‍ 
'പ്രണയം അറിയാത്തവന്‍' എന്ന രണ്ടു വാക്കെഴുതി 
ഒരു മുഴം കയറില്‍ അവനൊരു യാത്ര പോയി !

No comments: